തിങ്കളാഴ്‌ച, മേയ് 28

ഞാനും എന്റെ സ്വപ്നവും


Dark Nebula
Govt.eng.college,Thrissur
Sony Ericsson ST15iperl on a tip
Govt.eng.college,Thrissur
Sony Ericsson ST15iGlory through an eye hole
Bangaluru Tippu Palace
Nikon Coolpix S5100


pupil of the eye
Snehatheeram,Thriprayar
Canon Power Shot A1100IS

to congregate
Govt.eng.college,Thrissur
Nikon Coolpix S5100

having no virtues
Munnar
Nikon Coolpix S5100

jaws of death
Cochin
Canon Power Shot A1100IS

dark lunar fortnight
Cochin
Canon Power Shot A1100IS

horse power
Munnar
Nikon Coolpix S5100

carbon painting
Nattika Beach
Nikon Coolpix S5100

divergence
Wayanad
Sony DSC-S750

natural sky painting
Wayanad
Sony DSC-S750

Morning Alarm
Wayanad
Sony DSC-S750

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം2ദാ..ദിപ്പോള്‍ തന്നെ ആ സിക്സ്പാക്ക് ഭുജി വിളിച്ചിരുന്നു.. രണ്ടാം ഭാഗം ഇന്ന് തന്നെ റിലീസ് ചെയ്യൊന്നു അറിയാനാണ് വിളിച്ചത്.

" കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? "

"അതല്ല മോനെ,നീ എത്രത്തോളം പണിയും എന്നറിഞ്ഞിട്ട് വേണം എനിക്ക് നിനക്കിട്ട് പണിയാന്‍ "

കക്ഷി ശരിക്കും പണി കൊടുക്കണ ആളന്യാ , ഞങ്ങടെ കൊച്ചു മൊയലാളി, അതോണ്ട് ഞാനൊന്ന് ചിരിച്ചു ,താമസിയാതെ എഴുതാം എന്ന് വാക്കും കൊടുത്തു. 

"ഒരു വായനക്കാരന്‍റെ കാത്തിരിപ്പ്‌ " 

എന്നൊരു മനസ്സ് കുളിര്‍ക്കുന്ന ഡയലോഗും കാച്ചിയാണ് കക്ഷി ഫോണ്‍ വെച്ചത്.

അങ്ങനെ അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം ഒന്നും കടന്നു ഞാന്‍ വീണ്ടും ചാടുന്നു...


രണ്ടാം ഭാഗം 


അങ്ങനെ വിശ്വപ്രസിദ്ധമായ ശക്തന്‍ അണ്‍കംഫര്‍ട്ട്സ്റ്റേഷനും കണ്ടു വിനയകുനിയനായി,  കോര്‍പ്പറേഷന്റെ ജാതകനു സ്തുതിയും പാടി , മൂടൊന്നു നനച്ചു അസ്താന തിലകകുറിയും മാച്ച് , വാള് വീശാതെ ഒരുവിധം പുറത്തുകടന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ഇത്രെയധികം എലികളെ ഉല്‍പാദിപ്പിക്കുന്ന നഗരത്തിലെ ഏകസ്ഥലം എന്ന വിശേഷണത്തിന് പുറമേ ,ശക്തന്റെ സൈന്യത്തെ തോല്‍പ്പിക്കും വിധം ധൈര്യം പ്രകടിപ്പിച്ച ചില മൂഷികരാജ്ഞിമാര്‍, എന്റെ ചെരിപ്പിനോട്‌ കിന്നാരം ചൊല്ലാന്‍ അടുത്തേക്ക് ഓടിയടുത്ത കാഴ്ച തീര്‍ത്തും ഓമനത്തം തുളുമ്പുന്നതായിരുന്നു എന്ന് പറയാതെ വയ്യ.

ഓടി ഓടി രാജ്ഞിമാര്‍ എന്‍റെ കൊച്ചുവയ്യറിനുള്ളിലും ഇക്കിളിക്കൂട്ടി തുടങ്ങിയോ എന്നതിലാരംഭിച്ച സംശയമഹാമഹം എന്നില്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ഇടയാക്കി . രംഗപൂജ്യനായിട്ടു ഒരുമണിക്കൂറോളം ഞാന്‍ പിന്നിട്ടിരിക്കുന്നു എന്ന യാഥാര്‍ത്യവും , പേഴ്സില്‍ ആകെയുള്ള 350 രൂപ എന്നെയൊന്ന് പുറംലോകം കാണിക്കൂ എന്ന് ആക്രോശിക്കുന്നതു കൊണ്ടും തുറന്നുകിടന്നിരുന്ന ഹോട്ടല്‍ മുറിക്കുള്ളിലെ ആവേശം അധികമൊന്നും കണ്ടില്ലെന്നു നടിക്കാനും എനിക്കായില്ല , എങ്കിലും പ്രായം 21 കഴിഞ്ഞിട്ടും ഒരു പരാധജീവി ഗണത്തില്‍പ്പെടുന്നു എന്ന അനാവശ്യ കുറ്റബോധം ,പലപ്പോഴും പ്രത്യേകിച്ചും ഒരു വിനോദയാത്രാ വേളയില്‍, വീട്ടുക്കാരോട് പൈസ എരക്കാനുള്ള മനക്കട്ടി എന്നില്‍ സംജാതമാക്കിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

 ഞാന്‍ കണക്കുകൂട്ടി,

ഒരു ചായ + കടി (ആവശ്യത്തിന് ) = രൂ.35
ജ്യൂസ് (ദാഹവും കൊതിയുമകറ്റാന്‍ പാകത്തിന് ) = രൂ.15
ഉച്ചയൂണ് (അഥവാ പൊറോട്ട ) = രൂ.50
യാത്ര (ചുറ്റിയടിക്കല്‍ ) ചെലവ് : രൂ.75
മറ്റു അനാവശ്യ ചിലവുകള്‍ : രൂ.25
-------------------------------------------------------------------
മൊത്തം : രൂ.200

ബാക്കി : രൂ.150
--------------------------------------------------------------------


അപ്പൊ കുഴപ്പില്യാ, വെട്ടു തുടങ്ങാം എന്ന് കരുതി ഹോട്ടലിന്റെ പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിത്തൂകി മാടിവിളിയ്ക്കുന്ന 'വില്പനഉല്സാഹനഉത്പ്രേരകക്കുട്ടപ്പന്മാരെ' നോക്കി അഭിമാനപൂര്‍വ്വം തിരിച്ചും ഒരു പുഞ്ചിരി പാസാക്കി വലതുകാലെടുത്തു വെയ്ക്കാന്‍ നേരം , ദെ വരുന്നു മറ്റൊരു പുഞ്ചിരി,സംശയമില്ല എന്‍റെ നേര്‍ക്ക്‌ തന്നെ,അതും ഒടുക്കത്തെ ബ്രൈറ്റ്നെസ്സ് !!

ആരപ്പാ എന്നെ നോക്കി പുഞ്ചിരിയില്‍ "മാരകച്ചതി" മിക്സ് ചെയ്തു വിതറിയ കക്ഷി എന്നും കൂടി അറിയണ്ടേ!
നമ്മുടെ സാക്ഷാല്‍ "മിറാഷ് " , അത് ശരി ,അപ്പൊ ആ പിശാശിനെ അറിയില്ല ? 
"മ്മ്ടെ തോളസീടെ ചെക്കന്‍ ", ഇപ്പോഴും മനസ്സിലായില്ലലേ , 
ഞാന്‍ നേരത്തെ പറഞ്ഞ സുന്ദരസുമുഖസുഭാഷകന്‍ "അഭീഷ് വലിയക്കത്ത് ",പാവം എന്തോ അബദ്ധം പറ്റി മറ്റുള്ളവരേക്കാള്‍ നേരത്തെ എത്തിയതാണ്.

നേരത്തെ എത്തിയെന്നും പറഞ്ഞു മഹാനീയസ്ഥാനം ചാര്‍ത്തികൊടുക്കാന്‍ വരട്ടെ,അവനോടു ഞാന്‍ ഒമ്പത് മണിക്കാ വരാന്‍ പറഞ്ഞത്, മറ്റുള്ളവരോട് ഒമ്പതരയ്ക്കും.
എന്തായാലും പറഞ്ഞാല്‍ അനുസരണശീലി ഉള്ള ചെക്കനാ പത്തുമണിയ്ക്കാണെങ്കിലും മുഹൂര്‍ത്തത്തില്‍ തന്നെ എത്തിയല്ലോ,പണ്ടാരം.

"നീ എന്തെങ്കിലും കഴിച്ചിട്ടാണോടാ വന്നേ ?"

"ഏയ്‌.. ഒന്നും കഴിച്ചില്ലടാ, നേരത്തെ ഇറങ്ങീലെ,അതോണ്ട് രണ്ടുമുട്ടെം ഒരു പഴോം ഒരു ഗ്ലാസ്‌ പാലും മാത്രേ കിട്ടിയുള്ളൂ ,നല്ല വിശപ്പ്‌ "

എന്തായാലും തൊണ്ടഭാഗ്യം ഉള്ളോനാ, ഇനീ ഇവനെം ശപിച്ചു ഉള്ളതും കൂടി കളയണ്ടല്ലോന്നു വെച്ച് പറഞ്ഞു

"എന്നാ വാ ,വല്ലതും തട്ടാം "

പറഞ്ഞു നാവെടുത്തില്ല , പുള്ളി ഹോട്ടലിന്റെ ഉള്ളില്‍,പിന്നെ മഹിഷാസുരയുദ്ധം,കീചകവധം ,എന്റെതു നിലനില്‍പ്പിന്റെ പോരാട്ടവും , എല്ലാം കഴിഞ്ഞു നൂറിന്റെ നോട്ടെടുത്ത്  കൌണ്ടറില്‍ കൊടുത്തപ്പോ യുദ്ധത്തില്‍ ഞാന്‍ തോറ്റു ,ഇപ്പൊ രാജാവിന് കപ്പം കൊടുക്കാന്‍ നില്ക്ക്കാണ് ന്ന്  ബോധ്യം വന്നു. വീണ്ടും ഒരു മഹാത്യാഗം, അല്ലാതെന്ത് !. ബാക്കി കിട്ടിയ ഇരുപത് രൂപയ്ക്ക് കൂടെ വന്ന പെറുക്കിയുടെ നിര്‍ദേശപ്രകാരം ഊട്ടിപെര്‍ക്കിയും വേടിച്ചു ബാഗിലിട്ടു. അങ്ങനെ ഞാനും അഭീഷും മറ്റുള്ള മഹനീയ വ്യക്തികളെ കാത്തുനില്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് എകഖണ്ടമായി പ്രഖ്യാപിച്ചുകൊണ്ട് ചാലക്കുടി ലക്ഷ്യമാക്കി യാത്രതിരിച്ചു, ഒന്നുമില്ലെങ്കില്‍ അവരെത്തുന്നതിനു മുന്‍പ് അതിരപ്പിള്ളിയിലേയ്ക്കുള്ള ബസ്‌ വിവരങ്ങള്‍ അന്വേഷിച്ചു വെയ്ക്കാലോ 
( വെറുതെയല്ല എനിക്ക് ഒടുക്കത്തെ ആത്മാര്‍ത്ഥത ആണെന്ന് എല്ലാവരും പറയണത് ല്ലെ ? ). 

സമയം പതിനൊന്ന് പള്ളിപല്ലുതേപ്പും പള്ളിസെന്റ്‌ പൂശലും പള്ളിയാത്രയും കഴിഞ്ഞു അംഗനമാര്‍ സ്വര്‍ഗീയപരിമളം പരത്തി ഭൂമിയിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു.
ഒന്നല്ല,രണ്ടല്ല,മൂന്നു വിശ്വസുന്ദരിമാര്‍.

" ആട്ടവും പാട്ടവും തുടങ്ങട്ടെ.." 

എന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും പെട്ടന്നാണ് ഹോസ്റ്റലില്‍ വെള്ളമില്ലാത്തതിന്റെ അടിയന്തിരഫലമായി വിഷേപിക്കപ്പെട്ട "ഹ്രസ്വകാലപരിമള അടിയന്തിരമിസൈല്‍ " മാത്രമായിരുന്നു ആ പരിമളം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
സംഗതിയുടെ കിടപ്പ് ഏതാണ്ട് ഇങ്ങനെ ചുരുണ്ടികൂടിയുള്ള കിടപ്പായിരുന്നെങ്കിലും, അഷ്ടകോണില്‍ വസ്ത്രം ആസ്ഥാനത്ത്‌ ആയിരുന്നതിനാല്‍, മോഡേണ്‍ വേഷംകെട്ടലില്‍ അവര്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നുവെന്നു നാട്ടുക്കാരുടെ ധൃഷ്ടിക്കോണില്‍ നിന്നും ഞങ്ങള്‍ ആണ്‍ക്കുട്ടികള്‍ ഗണിച്ചെടുത്തു. ഇത്രെയും നേരത്തെ കാവല്‍ ഇനി ഒരു ബോഡിഗാര്‍ഡ്‌ എന്ന നിലയില്‍ കൂടി പിന്തുടരുക എന്നത് എന്നെ കൂടുതല്‍ തളര്‍ത്തികളഞ്ഞു.   

അംഗനമാര്‍ക്ക് ദാഹിക്കുന്നുണ്ടാവുമോ? സ്വര്‍ഗീയജലസേവയ്ക്ക് സമയമായിരിയ്ക്കുന്നു. അയ്യോ,കണ്ടെത്തിയത് ഞാനല്ല,പാവം ജോസെന്‍ ചേട്ടനാണെ!! കൂട്ടത്തില്‍ തലയും വയറും മുതിര്‍ന്ന ,ഇന്നത്തെ വിനോദയാത്രയുടെ മുഖ്യസൂത്രധാരനുമായ അദ്ധേഹത്തിന് എന്താണെന്നറിയില്ല ,ഹോട്ടലുകളും ഭോജനശാലകളും കാണുമ്പോള്‍ത്തന്നെ മറ്റുളവരുടെ വിശപ്പ്‌  മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നത് അദ്ധേഹത്തിന്റെ ഒരു കലാചാതുര്യമായാണ് കോളേജ് അദ്ധ്യാപകര്‍ വരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആര് ചത്താലും ജീവിച്ചാലും, ജയിച്ചാലും തോറ്റാലും ,ഉണ്ണി പിറന്നാലും കരഞ്ഞാലും, ഒരു പോലെ ഒരൊറ്റ വാചകത്തില്‍ പ്രതികരിക്കുന്ന മഹാന്‍ .

" വാ മക്കളെ, കാന്ടീനില്‍ പോകാം "

അദ്ധേഹത്തിന്റെ ഹോളിവുഡ് സിനിമാ അനുകരണ സിദ്ധാന്തങ്ങളില്‍ റാപ്പ് സംഗീതത്തിന്റെ ചടുലതാളങ്ങള്‍ സന്നിവേശിപ്പിച്ച ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്ന മാസ്മരിക വാക്ചാതുര്യം കാന്റ്ടീനില്‍ പോകാന്‍ നേരം മാത്രം എങ്ങനെ അപ്രതക്ഷ്യമാകുന്നുവെന്നു  എനിക്കിപ്പോഴും മനസിലാക്കാനാവാത്ത വസ്തുതയാണ്.

അങ്ങനെ വീണ്ടും ഒരു ഹോട്ടല്‍ ദുരന്തം,പ്രലോഭനങ്ങളില്‍ വീഴാതെ വെറും ഒരു നാരങ്ങാവെള്ളം കഴിച്ചു ഞാനവിടെനിന്നും പുറത്തുചാടി. പിന്നീട് ഈന്തപനയെന്നു ഞാനടക്കം വിശ്വസിച്ചു പാമോയില്‍ എന്ന് തിരുത്തിയ കൂട്ടത്തിലെ മറ്റൊരു ബ്ലോഗ്ഗറും കഥാകൃത്തുമായ ഇച്ചായന്റെ പാമോയില്‍ കാടുകളിലെ വീരഗാഥകള്‍ കേട്ട് തളര്‍ന്നുറങ്ങി അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര.


നട്ടുച്ചയോടുകൂടി ഞങ്ങളവിടെ എത്തി,വെള്ളച്ചാട്ടത്തില്‍ നിന്ന് തെറിച്ചുയരുന്ന പളുങ്ക് മണികളെ മടിത്തട്ടില്‍ താങ്ങി ഒരു തണുത്ത ഈറന്‍ കാറ്റിലൂടെ അതിരപ്പിള്ളി ഞങ്ങളെ സ്വാഗതം ചെയ്തു.അന്നാലും ചൂട് അസഹനീയം.വെയിലിനെ മുതലെടുക്കാന്‍ വിശറിയും പാള,മുളതൊപ്പികളുമായി കച്ചവടക്കാരും, കുസൃതികളിലൂടെ കുഞ്ഞ് വാനരസേനകളും അവിടം കീഴടക്കിയിരിക്കുന്നു."കുറച്ചുനാളായല്ലോ കണ്ടിട്ട്, ഇവിടുതെയ്ക്കു വരാനോക്കെ അവിടതെയ്ക്ക്‌ എങ്ങനെ തോന്ന്യാവോ "
എന്ന പരിഭവവുമായി ഒരു കുരങ്ങച്ചി മുലയും കുലുക്കിഎന്ടടുത്തേയ്ക്ക്

ആഞ്ജനേയാ അരുതാത്തതൊന്നും തോന്നിപ്പിക്കല്ലേ എന്നും പ്രാര്‍ഥിച്ചുകൊണ്ട് ,ക്യാമറയില്‍ അവളുടെ പരിഭവം ഞാന്‍ ഒപ്പിയെടുത്തു.

"ഞാന്‍ എവിടെപ്പോയാലും, ഈ ഫോട്ടോ എന്റെയടുത്തുള്ളിടത്തോളം കാലം നിന്നെ ഞാന്‍ ഓര്‍മ്മിക്കും ചക്കരെ.. "
എന്ന മറുപടിയായിരുന്നു എന്റേത്.

"നിങ്ങളീ ഫോട്ടോ കൊണ്ട് ബ്ലോഗില്‍ ഇട്ടു എന്‍റെ ഈ നഗ്നരൂപം പ്രദര്‍ശിപ്പിച്ചു വല്യകേമന്‍ ആവാന്‍ പോവല്ലേ.. "
അവളുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു ,പിന്നെ ഒരു കൊഞ്ഞനംകുത്തി അവളോടിപ്പോയി. നാണം കൊണ്ടാവും,അതോ അവള്‍ പിണങ്ങിയോ!

"ഈ വൃത്തിക്കെട്ട സമൂഹം ഈ ബന്ധം അംഗീകരിക്കില്ല, നിന്നെ ഞാന്‍ മറന്നില്ല, ഒരിക്കലും മറക്കില്ല..എന്നോട് ക്ഷമിക്കൂ പ്രിയേ. എന്റെ പ്രാണനാഥേ.. "

കഴിഞ്ഞ വേനലിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്, ഞാന്‍ പാതികഴിച്ച പൂവന്‍പഴം അവള്‍ക്കെറിഞ്ഞു കൊടുത്തത് പ്രേമപൂര്‍വം അവള്‍ കഴിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അടുത്ത വരവില്‍ ഒരു ഐസ്ക്രീം നല്‍കി ബന്ധം പുതുക്കാനെത്തിയ ഞാന്‍ കണ്ടത് അവളുടെ നിറമാറില്‍ പറ്റികിടക്കുന്ന ഒരു ചോരകുഞ്ഞിനെയാണ് .

അല്ലാ,എന്താ ഇവിടെ സംഭവം,കഥ എന്താ ഇങ്ങനെ പോണേ എന്ന് തോന്നുന്നുണ്ടോ,
എന്താ ഇപ്പൊ കൊയ്യപ്പം ,പണ്ട് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയലില്‍, സ്വര്‍ഗത്തില്‍ വെച്ച്,  ആദ്യനോക്കില്‍ തന്നെ കണ്ണുകള്‍ ഉടക്കുന്ന ദേവമഹര്‍ഷിക്കും മേനകയ്ക്കും മാനത്ത് നിന്ന് ഒരു ഉണ്ണി പൊട്ടിവീഴണതു ഞാന്‍ കണ്ടതാണ്. ഇനി അങ്ങനെ എങ്ങാനും,പറയാന്‍ പറ്റില്ലലോ, ഞാനല്ലേ ഹീറോ !!  

സോറി കേട്ടോ,പെട്ടന്ന് എന്‍റെ മനസ്സൊന്നു ഇടറിപ്പോയി മനസ്സിലെ വിദ്വേഷങ്ങളും വിഷമങ്ങളും എല്ലാം ഊറിക്കൂടി അണക്കെട്ട് പൊട്ടിയൊലിച്ചതാണ്, അല്ലെങ്കിലും ഇനി ഞാന്‍ വളിഞ്ഞ വിരഹപ്രണയകഥകള്‍ എഴുതണ്ടാന്നു വിചാരിച്ചതാ, വായിക്കണ എല്ലാരും ചോദിക്കാ.. "പ്രണയം ഇല്ലാതെ പോസ്റ്റൊന്നും ഇല്ലേടെയ്‌ " എന്ന് .

കിട്ടാത്തമുന്തിരി വല്ലാതെ പുളിക്കണതുകൊണ്ടാണ് കേട്ടാ, എനിക്കൊരു പ്രണയം ഉണ്ടെന്നു പറഞ്ഞിട്ടും എഴുതിയിട്ടും "നിനക്കും പ്രണയമോ" എന്നാ മട്ടിലാ സകല തെണ്ടികളും പരിഹസിക്കുന്നത്. സഹിക്കാന്‍ വയ്യാതോണ്ടാ ഞാനീ കുരങ്ങച്ചീനേം കെട്ടിപ്പിടിച്ചു നടക്കണേ.. ഇനിയെങ്കിലും നിങ്ങളെന്നെ ഒരു കാമുകനായി അംഗീകരിക്കൂ.പ്ലീസ്..

അങ്ങനെ അവള്‍ക്കൊരു ടാറ്റായും പറഞ്ഞു,ഒരു വലിയ ടൂറിസ്റ്റ്‌ ബസ്സിന്റെ മണ്ടയ്ക്ക് ഫ്രണ്ട്സിനെയൊക്കെ നിരത്തി "നാലാള് കാണ്‍കെ ,നോക്കടാ,ഞങ്ങള് വന്ന ബസാ" എന്ന ഭാവത്തില്‍ ഒരു ഫോട്ടോയും എടുത്ത് യാത്ര തുടങ്ങി.
  
"പന്ത്‌ പേടിച്ച് പന്തള്‍ ഗയാ തോ പന്ത്‌ ഗോളുത്തി പടൈ "
എന്ന് പറഞ്ഞ പോലെ, കുട്ടിയെ പേടിച്ചു അതിരപ്പിള്ളി പോയപ്പോ ദാ നിക്കണ് ഒരു ഉണക്ക സായിപ്പും കിടിലന്‍ മദാമയും . എത്തിയപ്പാടെ ഒരു ഇടുത്താല്‍ പൊട്ടാത്ത ചോദ്യം എന്നോട്.

"ഹവ്മനീ  മൈല്‍സ് ദേര്‍ ടു റീച്ച് ദ ബോട്ടം " എന്ന്

"ഇത് ചുരിദാര്‍ ബോട്ടമാണോ, ബിക്കിനി അല്ലെ സായിപ്പേ ഈ മദാമ ഇട്ടേണെ"
എന്നാണ് ആദ്യം വായില്‍ വന്നത് എങ്കിലും , കൂട്ടത്തില്‍ അല്പസ്വല്പ വിദ്യാഭ്യാസം തോന്നിക്കുന്നത് എനിക്കു മാത്രം ആയതുകൊണ്ടാവണം സായിപ്പ്‌ എനിക്കിട്ടു തന്നെ പണിതത് എന്ന് തോന്നാതിരുന്നില്ല .
സംഭവം ഞാന്‍ ആള്‍റെഡി ഒരു ഡിഗ്രി ഹോള്‍ഡര്‍ ആയതുകൊണ്ടും   ആയിടയ്ക്ക് ക്ലാസ്സിലെ ടീച്ചറോട്   "ഒന്ന് പുറത്തേയ്ക്ക് പോണം "എന്നതിന് 
     
" ടീച്ചര്‍, ഐ വാണ്ട്‌ ടു അങ്ങോട്ട്‌ പോണം " എന്ന് 

പറഞ്ഞും അത്യാവശ്യം അനുഭവം ഉള്ളതോണ്ട് പറയല്ല

"എന്‍റെ വായാ മേം അംഗ്രേസി നഹീ ആത്താ "

ഞാന്‍ പറഞ്ഞു "വണ്‍ മൈല്‍ ടു ഗോ സായിപ്പേ-ന്നു"

സായിപ്പുവിളി കുറച്ചു അധികമായി എന്ന് തോന്നിയെങ്കിലും മദാമ്മ വളരെ കുലീനമായി വസ്ത്രധാരണം നടത്തിയ ഒരു മദാലസ ആയതിനാലും 
"വണ്ട്‌ പൂവിനോടെന്ന പോലെ " ഞാന്‍ അവരെ പിന്തുടര്‍ന്നു. 


                                                                                                                                  തുടരും.                   
  


ശനിയാഴ്‌ച, മേയ് 26

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!"

"ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.."

"ആരാടാ കൂടെ "
(അലംബ് ടീംസ് ആണോന്ന്.. )
"കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.  ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍"

അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത്
" ഒരച്ഛന്റെ രോദനം " ആയിരുന്നു .

"ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.
 ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും.
അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.."

ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.
  എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ.

"ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.."
"എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍ത്തു നല്ല സ്നാപ്സ്‌ എടുക്കാന്‍ പറ്റാണ്ടാവും.."

ഈ ഡയലോഗ് കേക്കണ എനിക്കും, പറയണ അച്ഛനും, വായിക്കണ നിങ്ങള്‍ക്കും അറിയാം  ഇതെല്ലാം സംഭവിക്കും എന്ന്.

എന്നാലും അച്ഛന്റെ ഒരു സമാധാനത്തിനു , ഞാനങ്ങു ക്ഷമിച്ചു. എങ്കിലും അച്ഛന്റെ ഈ പാവം കുട്ടീനെ വെറുതെ സംശയിച്ചില്ലേ എന്ന രീതിയില്‍  ഒരു "വിഷമാഗസ്തകനിരാശാഭാവം" അങ്ങ് ഇട്ടു  കൊടുത്തു.

അല്ലെങ്കിലും ഇത് എന്നാ പരിപാടിയാ.. ഒരു പഴഞ്ചന്‍ ക്യാമറ , ഫോട്ടോ എടുക്കുമ്പോ ഓട്ടോമാറ്റിക് ആയി ബ്ലര്‍ എഫെക്ട്  കിട്ടണ ക്യാമറ. എന്നാലും പഞ്ച് ഡയലോഗിനു ഒരു പഞ്ഞവുമില്ല. പുതിയ ക്യാമറ സ്പര്‍ശനസുഖത്തിനു പോയിട്ട് ദര്‍ശനസുഖത്തിനു പോലും കിട്ടീട്ടില്ല.

 സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, അച്ഛന്‍ തന്നെ എന്റെ റോള്‍ മോഡല്‍. അങ്ങേര്ടെ മിക്ക പോളിസീം അനുകരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്..

അതിലൊന്നാണ് എവിടേയ്ക്ക് യാത്ര പോവാണെങ്കിലും "ഒരു അരമണിക്കൂര്‍ നേരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ,ഒരു കാല്‍ മണിക്കൂര്‍ നേരത്തെ അവിടെയെത്തി, ഒരു സാമൂഹിക സാംസ്കാരിക അവലോകനം നടത്തണം " എന്ന പോളിസി. വായനോക്കാന്‍ ആണെങ്കില്‍ കൂടി, ആ പോളിസി ഉപകരിക്കാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. എന്നാലും ബോറടിച്ചു സഹിച്ചു ശീലിച്ചു വയ്യാണ്ടായിട്ടാണ് ഒരു തവണ ഞാനാ പോളിസി തെറ്റിച്ചത്, അതും സ്വന്തം ഗേള്‍ ഫ്രണ്ടിനെ കാത്തുനിക്കേണ്ട സന്ദര്‍ഭത്തില്‍!

ആത്മാര്‍ഥത കൂടിയതുകൊണ്ടാണോ അതോ സ്നേഹത്തിന്റെ തിര "ഇളക്കം" കൂടിയത് കൊണ്ടാണാ എന്തോ ,എന്റെ പോളിസി കടമെടുത്ത്‌ അവള്‍ നേരത്തെ തന്നെ എത്തി. എന്റെ ഭാഗ്യത്തിന് ഞാന്‍ എത്തുമ്പോഴേക്കും അവള്‍   സ്ഥലം കാലിയാക്കിയിരുന്നു. അന്നത്തെ മഹാശീതയുദ്ധത്തിന് ശേഷം ഞാന്‍ ആ പോളിസി ,എന്റെ ഏകാഭാര്യാവ്രതം  പോലെ, ഇതുവരെ തെറ്റാതെ കാത്തു സൂക്ഷിക്കുന്നു.

അതിരാവിലെ (ഞങ്ങള്‍ക്ക്) ഒമ്പതെമുപ്പതിന് ശക്തനില്‍ സന്ധിച്ച്, അവിടെ നിന്ന് ഒരുമിച്ചാവാം യാത്ര എന്നായിരുന്നു പ്ലാന്‍ , പതിവുപോലെ ഞാന്‍ അരമണിക്കൂര്‍ നേരത്തെ എത്തി കാവല്‍ തുടങ്ങി.

ഞാന്‍ അഖി ബാലകൃഷ്ണന്‍, സുന്ദരനും സുമുഖനും പടിപ്പിസ്ടും പെണ്‍കുട്ടികളുടെ ആരാധനാമൂര്‍ത്തിയുമായ അഭീഷ് വലിയക്കത്ത് , കൂട്ടത്തിലെ ഹൈ റേഞ്ച് ഘടി പിറവത്തില്‍ നിന്നുള്ള അച്ചായന്‍ പീറ്റര്‍ വി ജോണ്‍, സിക്സ് പായ്ക്ക് സോഫ്റ്റ്‌വെയര്‍ ഭുജി ഹഫ്സല്‍ മുഹമ്മദ്‌ , പിന്നെ നേരത്തെ സൂചിപ്പിച്ച ജോസെന്‍ ജോയും , മൂന്നു നൂതനകാല മോഡേണ്‍ സുന്ദരിമാരും  അടങ്ങുന്നതാണു സംഘം.

 തൃശ്ശൂര്‍ ഗവണ്മെന്റ് കോളേജില്‍ നിന്നുള്ള സംഘം ആയത് കൊണ്ടും , മോഡേണ്‍ സുന്ദരിമാരുടെ സ്വാധീനം കൊണ്ടും ,കൂട്ടത്തില്‍ ഏറ്റവും പഴഞ്ചന്‍ ഞാനായത് കൊണ്ടും,  ഒരുമാതിരി തീക്കട്ടയില്‍ അരിക്കണ ഉറുമ്പിന്റെ അവസ്ഥ ആയിരുന്നു എന്റേത്. വിദേശയാത്രികരുടെ അകമ്പടി സേവിക്കുന്ന , ടൈറ്റ് പാന്റസ് അരയ്ക്കു മീതെ വലിച്ചു കെട്ടി,ആന്തരജംഗമ വസ്തുകള്‍ മറച്ചുകൊണ്ട്, എണ്‍പതുകളിലെ സിനിമനായകനെപോലുള്ള എന്റെ അനുഗമനം സുഹൃത്തുകള്‍ക്കു സഹിക്കാവുന്നതിലപ്പുറം ആണെങ്കിലും ഒരു സ്വദേശിയുടെ പിന്തുണ നല്ലതാണെന്ന് അവരും കരുതി കാണണം.

ഞാനെത്തി അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു, ഒരഞ്ചുമിനിട്ട് മുന്‍പ് ജോസെനെ ഉറക്കത്തില്‍ നിന്നും ഫോണ്‍ വിളിച്ചു ഉണര്‍ത്താന്‍ എനിക്ക് കഴിഞ്ഞു എന്ന സന്തോഷം പറഞ്ഞറിയിക്കാന്‍   കഴിയാത്തതാണ് . പദ്ധതിയുടെ സൂത്രധാരന്‍ പല്ല് തേയ്ക്കാന്‍ തുടങ്ങിക്കാണും ഇപ്പോള്‍. എത്രെ സന്തോഷം പകരുന്ന കാര്യം അല്ലെ?. മറ്റംഗങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു , ഇപ്പോഴും പുറപ്പെട്ടുകൊണ്ടേയിരിക്കുന്നു, ഒരു കാല്‍ മണിക്കൂര്‍ ബസ്‌ യാത്രയെ ഉള്ളു അവര്‍ക്ക്‌ എന്നത് പുറപ്പാടിന്റെ മഹത്വം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരുന്നു.

ഒരിക്കല്‍ക്കൂടി വീട്ടില്‍ പോയി തിരിച്ചു വരാനുള്ള സമയമുണ്ടെനിക്ക്, ഒരുതരി ഭക്ഷണം പോലും കഴിക്കാതെ ഇറങ്ങിയതാണ് വീട്ടില്‍ നിന്ന് .അടങ്ങാത്ത ദേഷ്യഭാരവുമായി ഞാനങ്ങനെ ശക്തന്‍ സ്റ്റാന്‍ഡില്‍ എലികളെയും നോക്കി മൂക്കും പൊത്തി നിക്കുമ്പോള്‍ ,ധാ ആരോ എന്നെ വലിക്കുന്നു.

"ഡാ..വീട്ടില്‍ പോയി ഭക്ഷണം കഴിക്കടാ മണ്ടാ " എന്ന് പറഞ്ഞു എന്റെ മനസ്സാണോ എന്നെ പിടിച്ചു വലിക്കുന്നത്. അല്ല , അള്ളാ .ദെ..പിന്നെം വലിക്കണ്‌!!

ആരാടാ എന്റെ പാന്റ്സ് പിടിച്ചു വലിക്കണെന്ന് വെച്ച് നോക്കുമ്പോ അതാ ഒരു  ചിടുങ്ങ്‌. എന്റെ കാല്‍മുട്ട് വരെയുള്ളൂ ഉയരം,എണ്ണകറുപ്പണിഞ്ഞു പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകളുമായി ഒരു കൊച്ചുപെണ്‍കുട്ടി,  എണ്ണ പരക്കാത്ത വിടര്‍ന്നു വിലസുന്ന ചെമ്പന്‍മുടിയും ഉടുപ്പും കണ്ടപ്പോള്‍ ഭിക്ഷ ചോദിക്കാന്‍ വന്നതാണ് എന്ന് മനസ്സിലാക്കി .ഏതൊരു മാന്യമലയാളിയെയും പോലെ ആധര്‍ശധീരനായി ,ഞാന്‍ ഈ ലോകത്തെ ആളൊന്നും അല്ലെ എന്ന ഭാവത്തില്‍ മുഖം തിരിച്ചു നിന്നു.

  പിന്നെം വലി,ഒടുക്കത്തെ വലി, ഏയ്‌ ഈ കുട്ടീ എന്നെ വെറുതെ വിടാനുള്ള ലക്ഷണം ഇല്ല.
ചുറ്റുമുള്ളവര്‍ എന്നെയും അവളെയും മാറി മാറി സൂക്ഷിച്ചുനോക്കുന്നുണ്ട്.  

ഈശ്വരാ.. ഈ ചെറുപ്രായത്തില്‍ ഞാനിവളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമോ.
"വിടൂ കുട്ടീ..എന്റെലോന്നുല്ല്യാ.."
ഞാന്‍ അങ്ങോട്ട്‌ കേറി യാചിച്ചു..രക്ഷയില്ല , ഞാന്‍ പെട്ടു .
അവസാനം ഞാന്‍ പേഴ്സ് തുറന്ന് ഗമയില്‍ ഒരു ഒരു രൂപാ തുട്ടെടുത്തു അവള്‍ക്കെടുത്തു ഗമയില്‍ നീട്ടി. 

"ന്നാ..വെച്ചോ.."
എന്താ ഇത് എന്ന ഭാവത്തില്‍ അവളെന്നെ നോക്കുന്നു.
  
പിതൃത്വനിരാകരണ ധനം കുറഞ്ഞത് ഒരു പത്തുരൂപയെങ്കിലും തരണം,അല്ലെങ്കില്‍ ഞാന്‍ കണ്‍സ്യുമര്‍ കോര്‍ട്ടില്‍ പോയി കേസ് കൊടുക്കും എന്ന ഭാവം.

ചുറ്റും നിന്ന യാത്രക്കാര്‍ പലതും മുറുമുറുത്തു തുടങ്ങി. ഞാന്‍ എന്തെങ്കിലുമൊക്കെ, എത്രെയും പെട്ടന്ന് ചെയ്യേണ്ടിയിരിക്കുന്നു.നാട്ടുക്കാരുടെ അടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ടല്ല.ഒരു പിതൃത്വഭാരം ഏറ്റെടുക്കാനുള്ള ചങ്കുറപ്പിലായ്മ.അതെ, അത് മാത്രമാണ് . എവിടെന്നോ പറക്കികൂട്ടിയ ധൈര്യം കൂട്ടിവെച്ച്  ഞാന്‍ അവളോട്‌ ചോദിച്ചു.. 

"എന്താ മോളെ.. എന്താ വേണ്ടേ ? "

" അണ്ണാ... അണ്ണന്റെ പാന്റസില്‍ ആയ്യീ .. ആയ്യീ.. "

"ആയീ അല്ലെടി..അയ്യേ..അയ്യേ " 
എന്നാണ് പറയണ്ടേ എന്ന് തിരുത്തണമെന്ന് ആലോചിച്ചപ്പോള് പെട്ടന്ന് എന്‍റെ മൂക്ക് ഒരപായം മണത്തു,വെറും മണക്കലല്ല ,ഒരു വളിഞ്ഞനാറ്റം. 

ഞാന്‍ എന്‍റെ പാന്റസിന്റെ പിറകെ നോക്കി ,ഏയ്‌, ഭാഗ്യത്തിന് അവള്‍ പറഞ്ഞതും ഞാന്‍ പേടിച്ചതുമായ ഒന്നുമല്ല,എന്നാലും മനുഷ്യനിര്‍മിതം തന്നെ.ആരോ എന്‍റെ ആകെയുള്ള കറുത്ത പാന്റ്സില്‍ ചുവപ്പിന്റെ തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. ഒരു പാന്‍ ചവയ്ക്കല്‍ പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പ്.

ഏതു തെണ്ടീ ആണാവോ പണിതത്‌ എന്നറിയാതെ ഞാന്‍ തലയുയര്‍ത്തി ചുറ്റും നോക്കി. ചുറ്റുമുള്ളവര്‍ ആര്‍ത്തു ചിരിക്കുന്നുണ്ടോ എന്നൊരു സംശയം ,എന്നാലും പിതൃത്വം ഏറ്റെടുക്കേണ്ടി വന്നില്ലലോ എന്ന സമാധാനത്തോടെ  മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ട ആധര്‍ശഭാവം വീണ്ടെടുത്ത്‌ ശക്തനിലെ വിശ്വവിഖ്യാതമായ സുഗന്ധപരിമളവിശുദ്ധ വിശ്രമഗൃഹത്തിലേക്ക് ഞാന്‍ യാത്ര തിരിച്ചു .


തുടരും..

ശനിയാഴ്‌ച, മേയ് 12

ത്യാഗങ്ങള്‍ക്ക് വിലയിടുമ്പോള്‍..


എന്തെങ്കിലും എഴുതണമെന്നുണ്ട്,നാളുകളേറെയായി എന്തെങ്കിലുമൊക്കെ കുത്തികുറിച്ചിട്ട്.മനസ്സില്‍ നിറയെ അവ്യക്ത ആശയങ്ങള്‍ മാത്രം. വേദനയാല്‍ മനസ്സും ശരീരവും നുറുങ്ങുന്നു.മനസ്സിന്റെ താളം തെറ്റുന്നത് ഞാന്‍ അറിയുന്നില്ല എന്ന് ബോധപൂര്‍വം തെറ്റിദ്ധരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ പിരിയലിന്റെ വേദന അസ്ഥിപഞ്ജരങ്ങളില്‍ മുള്ളുകള്‍ കോര്‍ത്ത്‌ ‌ വജ്രായുധം നിര്‍മ്മിക്കുന്നുവെന്നു തോന്നി. എല്ലാം നല്ലതിന് എന്നോര്‍ത്ത് ആശ്വസിക്കാനുള്ള അനിയന്ത്രിത തിടുക്കമായിരുന്നു പ്രവര്‍ത്തിക്കള്‍ക്കെല്ലാം.

എഴുതാനുളളതെല്ലാം അവളെ കുറിച്ചാണ്, മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മയിലെത്തി കുത്തിനോവിക്കുന്നു. പണ്ട് മുതലേ അങ്ങനെയാണ്. എന്നെ കുത്തിനോവിച്ചു രസിക്കാനുള്ള അവളുടെ പാടവം പറഞ്ഞാല്‍ തീരാത്തതാണ് .

എനിക്കീ ശാപം വേണ്ട!! അവളെ വേണ്ട.. ഒന്നും വേണ്ട.. അല്പം സ്വസ്ഥത മാത്രം മതി..എഴുതി അരിശം തീര്‍ക്കണമെന്നുണ്ട് ..എന്നാല്‍ അവിടെയും അവളുടെ വാക്കുകള്‍ വേട്ടയാടുന്നു. 

" നെ കുറിച്ചൊന്നും എഴുതണ്ട പൊന്നു. എനികിഷ്ട്ടല്ലത് "

" എന്റൊ ഓരോ വാക്കിലും നീയുണ്ടാവും, നിന്റെ നിശ്വാസമുണ്ടാവും,അതങ്ങനെയാണ്,
നിന്റെ പേര് വയ്ക്കില്ല പോരേ! "

"ന്നാലും മ്മളെ അറിയണ കുറച്ചു പേരില്ലേ? അവര് വായിച്ചു നോക്ക്യാ എല്ലാം മനസ്സിലാവും.. എന്തിനാ വെറുതെ..എനിക്ക് പേട്യാ.."

എനിക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവള്ക്കു നഷ്ട്ടപ്പെടാന്‍ ഒരുപാടുണ്ട് എന്നറിഞ്ഞിട്ടാണോ എന്നറിയില്ല, അവളെക്കുറിച്ച് എഴുതില്ല എന്ന് തന്നെ തീരുമാനിച്ചു.

എഴുത്ത് നിര്‍ത്തി.

അതൊരു ത്യാഗം ആണെന്ന് അവകാശപ്പെടാന്‍ ഒരിക്കലും കഴിയില്ലെനിക്ക് , കാരണം ഞാന്‍ എഴുതാന്‍ തുടങ്ങിയത് തന്നെ അവള്‍ പറഞ്ഞിട്ടായിരുന്നല്ലോ! , അവളുടെ മുന്നില്‍ എന്തൊക്കെയോ ആണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.. എഴുത്തിന്റെ വേദന അറിയാതെയാണ് ആദ്യം എഴുതിയത്. ഒപ്പം അവളെ എന്നോടടുപ്പിക്കാനും.

പ്രൂഫ്‌ റീഡിംഗ് നടത്താനും തിരുത്തലുകള്‍ വരുത്താനും എന്റെ വിശ്വസ്തയായ കൂട്ടുക്കാരിയെ ഏല്പിച്ചു എന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റായാണ് അവള്‍ കണ്ടത്. അന്ന് പക്ഷെ ആ പരിഭവത്തിന് ഒരു സുഖമാണ് തോന്നിയത്,അവളെ വേദനിപ്പിച്ച് ഞാനും സന്തോഷിച്ച നിമിഷം. 

ഇന്നലെയാണ് എം.ടിയുടെ "കാലം" വായിച്ചു തീര്‍ത്തത് , ഒറ്റയിരുപ്പില്‍ ഒരു ദിവസം കൊണ്ട് തീര്‍ത്തു . അല്ല വായിച്ചു തള്ളി എന്ന്‍ പറയുന്നതാവും കൂടുതല്‍ ശരി . ഈയടുത്ത് കണക്ക്‌ കൂട്ടലൊക്കെ തെറ്റി കണക്കില്‍ തന്നെ ജീവിതത്തില്‍ ആദ്യ സപ്പ്ളി കിട്ടിയപ്പോഴത്തെ അതെ ഹാങ്ങ് ഓവര്‍ , ആശ്വസമേകുന്നതിനു പകരം എന്റെ് ഭ്രാന്തമായ മനസ്സിനെ യാഥാര്‍ത്ഥ്യബോധത്തിന്‍റെ കയ്പുനീരില്‍ മുക്കി വറുത്തെടുക്കുകയായിരുന്നു . വര്‍ണ്ണപൊലിമയ്ക്ക് നിറഞ്ഞ കോളേജ് ജീവിതം എഴുതി എല്ലാവരെയും സന്തോഷിപ്പിക്കുക എന്ന മോഹത്തിനുംകൂടി അന്ത്യമുണ്ടാക്കാന്‍ കഴിഞ്ഞു ആ വായനയ്ക്ക്‌.. മുറിവില്‍ പുഴുകുത്താതെ സന്തോഷവും ദുഖവും നിഷ്കളങ്കതയും നിരാശയും പ്രത്യാശയും കൂടി എഴുതാന്‍ കഴിയുന്നത് ബാല്യത്തിലെ ഓര്‍മ്മകള്‍ മാത്രം.

ഇല്ല, എല്ലാത്തിലും ഈ ബാല്യം മാത്രേ ഉള്ളു.

" നീയിപ്പോഴും കുട്ടികളെപ്പോലെയാണ് ആഖി, മനസ്സിന് കരുത്തിലാത്തവന്‍, പണ്ടത്തെ അതെ തൊട്ടാവാടി ചെറുക്കന്‍, മറ്റുളവരെ സന്തോഷിപ്പിക്കാന്‍ ത്യാഗം ചെയ്ത് കരയുന്ന വിഡ്ഢി "
അവളെപ്പഴോ പറഞ്ഞതാണ്..

ഇന്നിപ്പോള്‍ ആ ത്യാഗത്തിന്റെ വേദന ഞാന്‍ അറിയുകയാണ്. അവളെ കുറിച്ച് എഴുതില്ല എന്ന് വാക്ക്‌ തെറ്റിക്കാന്‍ തോന്നുന്നു..

" തെറ്റിച്ചാന്താ??..അവളന്റെ സ്വന്തല്ലാലോ ഇപ്പൊ"

സ്വപ്നത്തിലും, എന്തിനു, എന്റെ ചിന്തകളില്‍ പോലും ഒരിക്കലും പൂര്‍ണമായി സ്വന്തമായിരുന്നില്ല അവള്‍ എന്നറിയുന്നത് ഇന്നാണ് .

ത്യാഗം ചെയ്ത് പിന്നീട് ദുഖിക്കുന്നത് ഇന്നത്തെ സദാചാരലോകയുക്തിക്ക്‌ നിരക്കാത്ത വിചിത്ര പ്രവര്‍ത്തിയായിരിക്കാം. പക്ഷെ ഞാന്‍ ഗാന്ധിജി ഒന്നുമല്ലലോ , പിന്നെ പണ്ട് മുതലേ എനിക്കീ സ്വഭാവദൂഷ്യവുമുണ്ട്.

തലോര്‍ സെന്റ്‌.തെരെസിറ്റാസ് യൂ.പി സ്കൂളില്‍ ഞാന്‍ അഞ്ചാം ക്ലാസ് എഫില് ക്ലാസ്സ്‌ ലീഡര്‍ ഒക്കെയായി വിലസണ കാലം. ആ പ്രാവശ്യത്തെ ക്രിസ്മസ്‌ ആഘോഷത്തിന്‌ നേതൃത്വം കൊടുത്തത് ഞാനായിരുന്നു.. ഒരു കുട്ടിയില്‍ നിന്നും പത്തുറുപ്പിക , അതായിരുന്നു കണക്ക്‌. അങ്ങനെ ക്രിസ്മസ് ഡേ ആയി..

തലേദിവസം പറഞ്ഞു വെച്ച പോലെ ഞാനും സുഹൃത്തും കാലത്ത് നേരത്തെ തന്നെ ബാക്കറിയില്‍ എത്തി.ഒരു കുട്ടി കൂടി പൈസ തരാനുണ്ട്,ഒരു പത്തുറുപ്പിക കമ്മി. കുട്ടികളായോണ്ട് കൃത്യം പൈസയാ പിരിച്ചത്. എവിടെയെങ്കിലും പിഴച്ചാ കഴിഞ്ഞു.

"ഞങ്ങടെ പൈസ കൊണ്ടോയി അവന്‍ മിടായി മേടിച്ചു തിന്നു"

എന്നങ്ങാനും പറഞ്ഞാലോ..പോയില്ലേ എല്ലാം..അമ്മ പുസ്തകം മേടിക്കാന്‍ തന്ന പത്തുറുപ്പിക ഇണ്ട് കയ്യില്‍, ഞാനതെടുത്തു പിരിച്ച പൈസയോട് ചേര്ത്തു . 

പരിപാടി ഞാന്‍ വിചാരിച്ചതിലും ഉഷാറായി.. പക്ഷെ എനിക്കീ പൈസ പോയത് സഹിക്കാന്‍ പറ്റണില്ല.അമ്മ പുസ്തകം വാങ്ങാന്‍ വന്ന പൈസയാ.

"അഖി എന്തിനാ കരയണെ?"

"എയ്..ഒന്നുല്യാ.."

അന്വേഷകരുടെ എണ്ണം കൂടി.ഞാന്‍ അറിഞ്ഞു,പ്രശ്നം കൂടുതല്‍ വഷളായി.

"നീ കരയാണ്ട് കാര്യം പറയടാ..നമ്മുക്ക് വഴിയുണ്ടാക്കാം.."

പെട്ടന്ന്‍ തോന്ന്യ ബുദ്ധീല് പറഞ്ഞു

"ന്റെ പത്തുറുപ്പിക കാണാല്യ.. ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടതാ.."

"അത്രേയുള്ളോ!! ഇവിടെ എവിടെലും കാണും പൊട്ടാ. അതിനു കരയാ."

എല്ലാവരും കൂടി ഇപ്പൊ എന്റെല പത്തുറുപ്പിക തപ്പാ.. ഞാനും അവരോടൊപ്പം തപ്പി എന്റെെ കളഞ്ഞു പോവാത്ത പത്തുറുപ്പിക!!

അവള്‍ എന്നില്‍ നിന്ന് കുതറിയോടാന്‍ ശ്രമിക്കുന്നത് ഒരുപാട് തവണ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചതാണ്,ഒടുവില്‍ അവള്‍ തുറന്നു പറഞ്ഞു, അതും എനിക്ക് ആവശ്യത്തിലേറെ സ്നേഹം ഉമ്മകളിലൂടെ പകര്‍ന്നു തന്ന ദിവസം തന്നെ. ഒരു ബ്രേക്ക്‌ അപ്പ്‌ന്റെ അനിവാര്യത ഉണ്ടെന്നു.. അതെ..അങ്ങനെതന്നെയാണ് അവള്‍ പറഞ്ഞത്.

ജീവിതത്തില്‍ അധികം പരാജയങ്ങള്‍ അറിയാത്ത ഞാന്‍, ഈ അടുത്താണ് പരാജയത്തിന്റെധ കൈപ്പുനീരറിഞ്ഞത്. ഒരു പക്ഷെ അതായിരിക്കാം ഒരു ജീവിതപരാജയയാത്രയില്‍ നിന്നു രക്ഷപ്പെടാനുള്ള അവളുടെ വെമ്പലിന് ആക്കം കൂട്ടിയത്. അങ്ങനെയല്ല എന്നറിഞ്ഞിട്ടു കൂടി അങ്ങനെയാവണം എന്ന് വിശ്വസിച്ചു അവളെ വെറുക്കാനാണ് എന്റെ പാഴ്ശ്രമം.

ഒരു വിജയവിപ്ലവചരിത്രഗാഥ എന്നോടൊപ്പം സൃഷ്ടിക്കാന്‍ പുറപ്പെട്ടവള്‍ , ഒന്നിനും കെല്പ്പി ല്ലാത്തവന്‍ ആണ് ഞാന്‍ എന്ന് ഒരല്പം വൈകിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തിയതില്‍ ഞാന്‍ മനസ്സറിഞ്ഞു സന്തോഷിച്ചു.

കല്യാണത്തിന് ഞാനും പോയിരുന്നു. തെക്ക് ഭാഗത്ത്‌ എവിടെ നിന്നോ ആണ് ചെക്കന്‍ . എന്നെ പോലല്ല. നല്ല വെളുത്ത് ഉയരത്തില്‍ ഒരു സുന്ദരന്‍ ചെക്കന്‍. അവള്‍ക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നി.

ഫോട്ടോ എടുക്കാന്‍ നേരം ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി, ഒന്ന് ചിരിച്ചു , കൂടെ നിന്ന് ഫോട്ടോ എടുത്തു. ഇടയ്ക്ക് എന്റെ കണ്ണ് നിറഞ്ഞോ? ഇല്ല. ഫോട്ടോ ലാമ്പില്‍ നിന്നുള്ള വെളിച്ചമാണ്, കണ്ണിനു അസഹ്യമായതു കൊണ്ടാവും. ഒറ്റനോട്ടത്തില്‍ അവളും വളരെ ഹാപ്പി ആണെന്ന് തോന്നി.

യാത്ര പറഞ്ഞു പുറത്തേക്ക് നടക്കുമ്പോള്‍ അവള്‍ എന്നെ നോക്കുന്നുണ്ടെന്നു തോന്നി. 
ഇല്ല..എല്ലാം എന്റെ തോന്നലാണ്, അവളെന്നല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല.ഹാവു..ആശ്വാസം. 

വീണ്ടും ഒരു ത്യാഗം ചെയ്തപോലെ. എന്നാലും ശരീരത്തിനൊരു വിറയല്‍.. തല കറങ്ങുന്നത് പോലെ, എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നി. തിരിഞ്ഞു നോക്കാനുള്ള കരുത്തില്ല. ഒരിക്കല്‍ എന്നും കാണണമെന്ന് ആഗ്രഹിച്ചവളെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുതെന്ന് ആശിച്ചുപോയി , ഭര്‍ത്താവിനൊപ്പം നിരവധി വിജയഗാഥകള്‍ അവള്‍ രചിക്കട്ടെ എന്ന് മനസ്സില്‍ നേര്‍ന്നു കൊണ്ട് പുറത്തേക്കിറങ്ങി.

തിങ്കളാഴ്‌ച, ജനുവരി 2

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....


( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ 


ഹൈക്കു പോയംസ് 
https://www.facebook.com/groups/Haikupoems/ എന്ന ഗ്രൂപ്പിനും


 എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന 


https://www.facebook.com/groups/malayalamblogers/  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും
  
ഒത്തിരി നന്ദി.. 


ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍.., 
സോണി ചേച്ചി,ഗിരിജ ചേച്ചി,
ശിവപ്രസാദ്‌ പാലോട്‌,
അപ്പു എം ശിവന്‍,സുമയ്യ തന്നാരി, 
പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി 
അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍ 
എന്നിവര്‍ക്കും നിങ്ങള്‍ക്കും 


 ഒത്തിരിയൊത്തിരി നന്ദി ) 


വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............


      ലൈക്കുന്നു ചിലര്‍
      
      പോക്കുന്നു ചിലര്‍


      ചിരിക്കുന്നു ചിലര്‍
  
      മനസ്സുകള്‍ തമ്മില്‍


      കുറയുന്നു വിള്ളല്‍

      കൊഴിയുന്ന മോഹം


      കരിയുന്ന സ്വപ്നം
  
      ഞാന്‍ വെറും കരിയില

      ആശകള്‍ വേണ്ട


      കാശുകള്‍ മതി


      വാശിയില്‍ ഓടി


      അന്ത്യ നേരം


      മൂശയില്‍ കോറി


      നിരാശകള്‍ മാത്രം..

      പരീക്ഷകള്‍


      ഒരു മോഷണം


      ഒരു പരീക്ഷണം


      ക്ഷമിക്കണം


      ഇതെന്‍ നിരീക്ഷണം      കവിയല്ല ഞാന്‍


      തവിയല്ല ഞാന്‍


      വെറുമൊരു ശവി..      ഒരു പെണ്‍കുട്ടി..


      എന്നില്‍ മുട്ടി...


      മനസ്സില്‍ തട്ടി ..


      ലഡ്ഡു പൊട്ടി..


      ഇന്ന് കീറാമുട്ടി.      കറക്കം കൂടി കൂടി...


      ഉറക്കം തൂങ്ങി തൂങ്ങി.. 


      ഒടുക്കം  കയറില്‍ തൂങ്ങി :(      നീളമില്ലെനിക്ക്

      വണ്ണമില്ലെനിക്ക്


      വയസ്സിലെനിക്ക് 


      വിവരമില്ലെനിക്ക്


      ഉള്ളത് കുഞ്ഞുമനസ്സും


      കുറെ സ്നേഹവും ..      കൊള്ളും


      എന്നുള്ളം


      നിന്നുള്ളില്‍


      ഇത് കള്ളം      പ്രണയകൊതി..


      പണയച്ചതി...


      മാറുംഗതി.. 


      അധോഗതി...      അക്കരെ നോട്ടം...
      
      ഇക്കരെ നോട്ടം...


      നോട്ടം തെറ്റിയാല്‍


      മൊത്തം കള്ളനോട്ടം

      ഒരു വ്യക്തി..
      
      അവന്‍ യുക്തി
          
      ഒരു കത്തി 


      നോ മുക്തി ..      നിന്ന'ച്ചന്‍... തങ്കച്ചന്‍.. അന്ന്...
      
      തന്നച്ചന്‍ ഒരുനാള്‍ നിന്നെ


      ഇന്നച്ചന്‍ എനമ്മാനച്ചന്‍ :P.

      വാക്കിനോ നോക്കിനോ മൂര്‍ച്ച ?


      നോക്കി നോക്കി


      നോക്കിനു മൂര്‍ച്ച പോയി


      ചൊല്ലി ചൊല്ലി


      വാക്കിന് മൂര്‍ച്ചയേറി.


      ഇനി പറ...


      മൂര്‍ച്ച വാക്കിനോ


      അതോ നോക്കിനോ


      അതോ എന്‍ നാക്കിനോ ?

      പെണ്ണിനച്ചനെ കണ്ടുമുട്ടി..
      
      എന്‍ മുട്ടൊന്നു കൂട്ടിമുട്ടി...


      പറഞ്ഞു ഞാന്‍ തട്ടിമുട്ടി..


      നാട്ടുക്കാര്‍ തട്ടിക്കൂട്ടി 


          
      (ഒരു കല്യാണം :-) )

      പുലരിയില്‍


      പുല്ലരിയുവേല്‍


      പല്ലരിക്കുവോളം


      പുലരും നാം ..