ഞായറാഴ്‌ച, സെപ്റ്റംബർ 18

പ്രണയമുട്ട
ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി :

Releasing Soon....

എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്... 
മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്... 
റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു
പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ  
ഞാന്‍ അസൂയയോടെ നേരിട്ട കഥ.. 
" ഓര്‍ക്കുന്നു കള്ളി.. 
ഇന്നും ഞാന്‍..
നിന്നെ..,നിന്നെ മാത്രം.....
മറ്റൊരു കാവ്യത്തില്‍
പിറന്ന മറ്റൊരു പ്രണയമായ്‌.. "
 
അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു...
ആമുഖം :

ഒന്ന് മുതല്‍ പത്ത് വരെയുള്ള എന്‍റെ  സ്വന്തം ദീപ്തി സ്കൂളിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ ഉത്ഭവം കൊണ്ട ദീപ്തി എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടുതല്‍ സജീവം ആകാന്‍  എന്‍റെ ആത്മസുഹൃത്ത് ആനകുട്ടി (ഞങ്ങള്‍ കുശുമ്പും കുന്നായ്മയും അല്പം സ്നേഹവും കൂട്ടി വിളിക്കുന്നത്) എന്ന നിധിന്‍ ആന്റണി കൊണ്ടുവന്ന  "ഓര്‍മകള്‍ പങ്കുവെക്കുക" എന്ന പുത്തന്‍ ആശയത്തിന്‍റെ ചുവട് പിടിച്ചാണ് ഞാന്‍ മുകളില്‍ പറഞ്ഞത്തക്ക വിധമൊരു  വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്‍റെ സൂചന അവര്‍ക്ക് നല്‍കിയത്. പരീക്ഷകള്‍ എന്‍റെ സ്വസ്ഥതയെ തകിടം മറിക്കുമ്പോഴും അവരുടെ നിര്‍ബന്ധത്തിനും, എന്നെ കളിയാക്കാനുള്ള അവരുടെ അടങ്ങാത്ത ആഗ്രഹവും  കണ്ട്  പൊറുതിമുട്ടിയപ്പോഴാണ് ഇങ്ങനെ ഒരു  പാതകം ചെയ്യാന്‍ ഞാന്‍ തയ്യാറായത്.. അത് കൊണ്ട്  തന്നെ... പോസ്റ്റ്‌ വായിക്കുന്നതിന് മുന്‍പ് ഒരു BBI(Blog Business International) Warning കൂടി...

"ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുമായി നിങ്ങളില്‍ ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാധൃശ്ചികത മാത്രമല്ല സത്യം കൂടിയാണ്.. അല്ലാതെ മറ്റ് പലരും ചെയ്യുന്ന പോലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് തങ്കമ്മ,മറിയക്കുട്ടി എന്നൊന്നും കൊടുക്കാന്‍ നാട്ടുക്കാരുടെ കയ്യില്‍ നിന്നും തല്ല് കിട്ടുന്നത് വരെ ഞാന്‍ തയ്യാറല്ല "ഇനി കഥയിലേക്ക്‌ :


തലോര്‍ ദീപ്തി ഹൈസ്കൂളിന്‍റെ ഭാഗമായുള്ള ലിറ്റില്‍ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ അഖികുട്ടന്‍ എന്ന ഞാന്‍ നാലാം തരത്തില്‍ പഠിക്കുകയാണ്.. എന്നില്‍ നിഷ്കളങ്ങമായി ഉടലെടുത്തിരുന്ന അത്യാവശ്യം മിടുക്കുകളിലൂടെയും കുസൃതികളിലൂടെയും തൊട്ടാവാടി സ്വഭാവത്തിലൂടെയും ടീച്ചര്‍മാരുടെ പൊന്നോമനയും കുട്ടികളുടെ ചട്ടമ്പിയും ( നേതാവ് ) ആയി വിലസുന്ന സമയം..


എന്നെ പോലുള്ള വില്ലന്മാരുടെ കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും പെണ്‍കുട്ടികളുടെ  സൗന്ദര്യപിണക്കങ്ങളും കൊണ്ട് പൊറുതിമുട്ടിയ  റീന ടീച്ചര്‍ ഇതൊക്കെ അവസാനിപ്പിക്കാനുള്ള പോംവഴി കണ്ടെത്തി. ആ മനോഹരമായ  പോംവഴി ഇതായിരുന്നു..


"ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുക"

ഇന്നാണെങ്കില്‍ അത്തരം ഒരു അവസരം കിട്ടിയാല്‍ പരമാവധി ആര്‍മാധിക്കുമായിരുന്ന ഞാന്‍ , എന്താണെന്നറിയില്ല ,  മറ്റ് എല്ലാ പിള്ളേരുടെയും പോലെ നാണിച്ചു കുളിരു കോരികൊണ്ടേയിരുന്നു, പെണ്‍കുട്ടികള്‍ തറയിലെ പൊടിപടലങ്ങളില്‍ കാലുകൊണ്ട്‌ വട്ടം വരച്ചു, ആണ്‍പിള്ളേര്‍ ബഞ്ചുകളുടെ  അടിയില്‍ ഒളിച്ചിരുന്നു.
     ഞാനോ?
  ഞാന്‍  ടീച്ചറുടെ മൂട്ടില്‍ ഒളിച്ചിരുന്നു. അവസാനം ആ മനോഹര സംഭവം
 പ്രാവര്‍ത്തികമായി.  ഇന്ന് അവലോകനം ചെയ്യുമ്പോള്‍


      " ഏതു കാലഘട്ടത്തിലായാലും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ ഡീസന്‍സി അഭിനയിക്കും എന്നും പെണ്‍പിള്ളേര്‍ ഏഷണികള്‍ പരമാവതി കുറയ്ക്കും"

                                                 എന്ന മനശാസ്ത്രത്തില്‍ മുക്കിയെടുത്ത ടീച്ചറുടെ സൂത്രം എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല.അങ്ങനെ ആ നടപ്പിലാക്കലിന്‍റെ പരിണിതഫലമായി എന്‍റെയും  എന്‍റെ ആത്മമിത്രം മൈക്കിളിന്‍റെയും ഇടയില്‍ ആ പട്ടുപാവാടക്കാരി ഇടം പിടിച്ചു.


ഒരു വെളുവെളുവെളുത്ത ഐസ്ക്രീം പോലുള്ള ഒരു സുന്ദരിക്കുട്ടി, റീത്ത എന്നാണ് പേര്.  എത്രെ നല്ല പേര്!  ല്ലെ ? 
( നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവില്ല പക്ഷെ എനിക്ക് തോന്നുന്നുണ്ട് അങ്ങനെ.).
 കൂടാതെ ഞാനും അവളും തോളുകള്‍ കുട്ടിയുരുമ്മി ഇരിക്കുന്നത് കണ്ടാല്‍ ഒരു പഴയകാല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം കണ്ട ഒരു പ്രതീതി നിങ്ങളുടെ മനസ്സിലേക്ക് പാളിയെത്തും എന്നും എനിക്കുറപ്പുണ്ട്. എന്നാല്‍ ഈ വൈരുദ്ധ്യങ്ങള്‍ ഒന്നും തന്നെ എന്നെ ബാധിച്ചിരുന്നില്ല എന്ന് ഞാന്‍ പ്രത്യേകം  പറയേണ്ടതില്ലല്ലോ.

 ( അന്നും ഇന്നും അതെ. എനിക്ക് ഭയങ്കര വിട്ടുവീഴ്ചാ മനോഭാവമാണ്.
 അമ്പട       ഞാനേ ! )

അങ്ങനെ അവളുടെ കൊച്ചു നുണക്കുഴിയും വെളുത്തുതുടുത്ത കവിളുകളും, നെറ്റിയിലേക്ക് വീണുകിടക്കുന്ന കുഞ്ഞുമുടിയിഴകളും,കരിമഷി എഴുതിയ പുഞ്ചിരി കണ്ണുകളും, കൊഞ്ഞനംകുത്തുന്ന ചാമ്പക്ക ചുണ്ടുകളും
( ലോക പൈങ്കിളി സാഹിത്യമെ നന്ദി! ) വെള്ളമിറക്കാതെ തന്നെ ആസ്വദിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എന്‍റെ തലയില്‍ ഒരോളം വെട്ടിയത്.. എന്താണെന്നല്ലേ ?


എന്‍റെ ആത്മസുഹൃത്ത് എന്ന് കുറച്ചു നേരത്തെ ഞാന്‍ വിശേഷിപ്പിച്ച ആ വൃത്തികെട്ടവനും  എന്‍റെ മാത്രം സ്വന്തമെന്ന് ഞാന്‍ കരുതിയ റീത്തകുട്ടിയും പരസ്പരം സൗന്ദര്യം ആസ്വദിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയമഹാമഹം.

              " എടാ കള്ളഹിമാറെ, നിനക്ക് എന്‍റെ കൊച്ചിനെ മാത്രെ കിട്ടിയുള്ളൂ ."


എന്ന് ചോദിക്കാനുള്ള ബോധം അന്ന് ഇല്ലാതിരുന്നതിനാലും, അവളുടെയും അവന്‍റെയും കൊഞ്ചികുഴയലില്‍ നിന്നുല്‍ഭവിക്കപ്പെട്ട ശൃംഗാരമണവും വെളുത്ത് തുടുത്ത് മുള്ളന്‍ പന്നിയുടെ മുടിപോലുള്ള കോലന്‍ മുടിയും, എന്നും ഓരോ ഓംബ്ലേറ്റ്  കഴിച്ചു ഉണ്ടാക്കിയ ആവശ്യത്തിലേറെയുള്ള ഗ്ലാമറും കൊണ്ട് നടക്കണ ആ തെണ്ടിയാണ്  എന്നേക്കാളും അവള്‍ക്ക് ചേര്‍ച്ച എന്ന ബോധവും ആണോ എന്നറിയില്ല,എന്‍റെ മനസ്സില്‍ അടങ്ങാത്ത പകയുടെ തീനാളങ്ങള്‍ രചിച്ചു.

നൂറുകെട്ട്  തീപ്പെട്ടിപടങ്ങളോ അമ്പത് പായ നെയിംസ്ലിപോ തന്നാല്‍ പോലും ഞാനവളെ അവന് വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചയാക്കി. അന്ന് നാലുമണിക്കു ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷവും ആ പക എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞുപോയില്ല..  വീട്ടിലെത്തിയ ശേഷം,  എന്‍റെ വേദനകള്‍ മനസ്സിലാക്കാതെ കൊക്കി കൊക്കി നടന്നിരുന്ന ഒരു കോഴിച്ചാത്തനെ ഞാന്‍ കല്ലെടുത്തെറിഞ്ഞു.. എന്നിട്ടും ദേഷ്യം മാറാതെ വിറച്ചുകൊണ്ട് നിന്ന ഞാന്‍ എന്‍റെ നേരെ നോക്കി  പുച്ഛത്തോടെ "ലാ..ലാ..ലാ..." പാടി ആടികളിച്ചിരുന്ന ചീരച്ചെടികളുടെ തലയരിഞ്ഞുകളഞ്ഞ് അവിടെ ശീ..ശീ.. മുള്ളിയ ശേഷവും എന്‍റെ പക അവസാനിച്ചില്ല .അങ്ങനെ സാഹചര്യം എന്നെ അന്ന് നിരാഹാരം ഇരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

               അങ്ങനെ നിരാഹാരം തുടങ്ങി.. ആ നിരാഹാരം ഒരു നാരങ്ങാവെള്ളം കുടിച്ചാണ് ഞാന്‍ അവസാനിപ്പിച്ചത് എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി.. ഞാനാ നിരാഹാരം കണ്ണുനീര്‍ കുടിച്ചാണ് അവസാനിപ്പിച്ചത്, ഒപ്പം നിരാഹാരത്തിന്‍റെ പാരിതോഷികമായി തുടയില്‍ നാലു വടുക്കളും. രണ്ടെണ്ണം അമ്മയും ബാക്കി അച്ഛനും കോണ്ട്രിബ്യൂട്ട് ചെയ്തു. 
( ഹും. പിള്ളേരുടെ വിഷമം മനസ്സിലാക്കാത്ത മാതാപിതാക്കന്മാര്‍.  പാരന്‍സ്‌ ആണത്രേ പാരന്‍സ്‌.. )


               തല്ലുകൊണ്ട് കരഞ്ഞുതളര്‍ന്നു ക്ഷീണിച്ച ഞാന്‍, വയ്യാത്തത് കൊണ്ട് പകയെല്ലാം മറന്നു "ഉമ്പുള്ളാതെ" കിടന്നുറങ്ങി. എന്നാലും ഉറക്കത്തിലും ആ പഹയന്‍ മുള്ളന്‍പന്നി എന്നെ വെറുതെ വിട്ടില്ല.

ആ കഥ ഇങ്ങനെ..

അടിയുടെ ക്ഷീണത്തില്‍ ഞാനങ്ങനെ അഗാധമായ നിദ്രയിലേക്ക് ഉരുണ്ടുപിരണ്ട് വീണുകൊണ്ടിരിക്കുന്ന സമയം , ദാ വരുന്നു.. എന്‍റെ റീത്തകുട്ടി.. സുന്ദരികുട്ടി .. വെളുത്ത ഉടുപ്പും ഇട്ട് മാലാഖയെപ്പോലെ ചിറകും വിരിച്ച്..

      ഒറ്റ നോട്ടത്തിലൂടെ തന്നെ ഞാനും അവളും അനുരാഗയുക്തിയുക്തന്മാരായി. ഞാന്‍ എന്‍റെ കണ്ണുകള്‍ ഇറുക്കി കാണിച്ചു. അവള്‍ നൃത്തചുവടുകള്‍ വെച്ചു. സ്വര്‍ണ്ണ നിറമുള്ള ചിറകുകള്‍ വിരിച്ച് പാറി പാറി നടന്നു ഞങ്ങള്‍.  അവളെ കോരിയെടുത്ത് ഈരെഴ് " മുപ്പത്തിനാല്" ലോകങ്ങളും ഞാന്‍ കാണിച്ച് കൊടുത്ത്  ഞങ്ങളങ്ങനെ പറന്ന് നടന്നു.. അതിനിടയില്‍ പെട്ടെന്ന്‍ അവള്‍ക്കൊരു ജ്യൂസ്‌ദാഹം! അവള്‍ക്ക് ഫാഷന്‍ ഫ്രൂട്ടിന്‍റെ ജ്യൂസ്‌ കുടിക്കണമത്രേ..!


  ( മനുഷ്യനെ മെനക്കെടുത്താന്‍ .. അവള്‍ക്ക് ജ്യൂസ്‌ മോന്താന്‍ കണ്ട സമയേ.. )


               ഞാന്‍ നോക്കുമ്പോള്‍ അതാ സ്വര്‍ണ്ണനിറത്തില്‍ "മാലബള്‍ബൊക്കെ" ഇട്ട "ഒരു ഫാഷന്‍ ഫ്രൂട്ട് മരം".ഞങ്ങള്‍ അങ്ങോട്ട്‌ പറന്നു.
 പെട്ടന്ന് അവള്‍ക്കൊരു  തലവേദന,കണ്ണുവേദന,പല്ലുവേദന,വയറുവേദന,പ്രസവവേദന അങ്ങനെ മൊത്തത്തില്‍ ഭയങ്കര വേദന.
ഞാനൊരു വിക്സ് മുട്ടായി മേടിച്ചു  കൊണ്ട് വരാന്‍ പോയി തിരിച്ച് വന്നപ്പോള്‍ തരിച്ചുപ്പോയി.

"അവളൊരു മുട്ട ഇട്ടിരിക്കുന്നു.. എന്‍റെയും അവളുടെയും പ്രണയത്തില്‍ വിരിഞ്ഞൊരു പ്രണയമുട്ട.. " 


 ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ( മോനെ..അഖി...ബാലകൃഷ്ണാ.. എന്താടാ ഇവിടെ പേറും പ്രസവവും ഒന്നുമില്ലേടെയ് എന്ന് ഒന്നും എന്നോട് ചോദിക്കരുത് കാരണം,  അന്ന് ഞാന്‍ കുഞ്ഞുകുട്ടിയല്ലേ. എനിക്ക് അങ്ങനെയൊക്കെയല്ലേ അറിയൂ.. അവിടെ മിണ്ടാതിരുന്നോണം.. അടി..അടി..ഹ്മം )


               ഞങ്ങളങ്ങനെ ഞങ്ങളുടെ ആദ്യ ദൗത്യത്തിന്‍റെ നിര്‍വൃതിയില്‍ ഇരിക്കുമ്പോഴാണ് ചുവന്ന ചിറകുകളും ഷോക്കേറ്റപോലെ ഉയര്‍ന്നുനില്‍ക്കുന്ന മുടിയുമായി അവന്‍ പറന്ന് വന്നത്. അതെ..അവന്‍ തന്നെ..ആ മുള്ളന്‍പന്നി.. ഈ കഥയിലെ കുരുത്തംകെട്ട വില്ലന്‍ . ഏതുനിമിഷവും ഞങ്ങളുടെ പ്രണയമുട്ട അവന്‍ കണ്ടെടുതേക്കാം . അവന്‍ രൗദ്രഭാവം പൂണ്ടു.. ചുവന്ന ചിറകുകളും മഞ്ഞകണ്ണുകളുമായി എന്‍റെ പ്രിയതമയുടെ അടുത്തേക്ക് പാഞ്ഞടുത്തു..


വള്ളി ട്രൗസറിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചുവെച്ച ചോക്കുകഷണങ്ങള്‍ എടുത്തു ഞാന്‍ അവനുനേര്‍ക്ക്‌ വലിച്ചെറിഞ്ഞു. അവന്‍ വിദഗ്ധമായി ഒഴിഞ്ഞു മാറി.. ഞാന്‍ വെള്ളം ചീറ്റിക്കുന്ന തോക്ക് കൊണ്ട് അവനുനേരെ വെള്ളം ചീറ്റിച്ചു.. അത് ചീറ്റിപ്പോയി.. അതെ, അവനിതാ പറന്നടുക്കുകയാണ്, എന്‍റെ പ്രിയതമയെ കൊല്ലാന്‍, ഞങ്ങളുടെ പ്രണയമുട്ടയെ തട്ടിയെടുക്കാന്‍. എന്‍റെ റീത്തകുട്ടി വാവിട്ടു കരഞ്ഞു. ഞാന്‍ മറ്റൊരു ആയുധത്തിനായി തിരയുന്ന നേരം കൊണ്ട് ക്ഷണനേരത്തില്‍ അവന്‍ എന്‍റെ ആത്മാംശത്തെ കൈക്കലാക്കി.  ഭൂമിയാകെ കിടിലം കൊണ്ടു.. അഗ്നിപര്‍വ്വതങ്ങള്‍ തീതുപ്പി.. ഞാന്‍ നോക്കിനില്‍ക്കെ "ചീനമന്ത്രം" ചൊല്ലി "ചീനച്ചട്ടി " പ്രത്യക്ഷമാക്കി   അവന്‍!  ഞങ്ങളുടെ പ്രണയമുട്ടയെ കൈയിലെടുത്തു അതിന്‍റെ തോടുകള്‍ പൊട്ടിച്ച് വലിച്ചെറിഞ്ഞു. അതിനുള്ളിലെ ജീവനെ അവന്‍ ചീനച്ചട്ടിയിലേക്ക് ഒഴിച്ചു. പാവം എന്‍റെ റീത്തു..അവളിതു കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞു വീണു .. എന്നാലും ഞാന്‍ വീണില്ല.

ആളുന്ന പകയുമായി ഞാന്‍ ഈച്ചയെ ആട്ടി നിന്നു. അല്ല തരിച്ചു നിന്നു .
ഒരു മുട്ടായി തിന്നുന്ന ലാഘവത്തോടെ അവന്‍ എന്‍റെ അത്മാംശത്തെ ചവച്ചിറക്കി.


" അല്ല.. അതവിടെ നിക്കട്ടെ. നിങ്ങളിപ്പോ ഒരു ശബ്ദം കേട്ടോ?? ഒരു ടയറുപൊട്ടണ സൗണ്ട് കേട്ടോ!  ഉവ്വോ? ങ്ഹാ.. അത് എന്‍റെ ഹൃദയം പൊട്ടി ഞാന്‍ കട്ടിലില്‍ നിന്നും നിലത്തേക്കുവീണ ശബ്ദമായിരുന്നു "


വാല്‍കഷണം : 

ഈ സംഭവത്തിന് ശേഷം ഒരു നാലഞ്ചുവര്‍ഷം ഞാന്‍ ഓംബ്ലേറ്റ് കഴിക്കില്ലായിരുന്നു. മുട്ട കൊണ്ടു ഉണ്ടാക്കുന്ന വിഭവങ്ങളോട് എനിക്ക് അടങ്ങാത്ത വെറുപ്പായിരുന്നു.

റീത്ത, അവളുടെ കല്യാണം കഴിഞ്ഞെന്നാണ് ഒരു സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. പിന്നെ മൈക്കിള്‍ . അവന്‍  ഇപ്പോള്‍ "വരുണ്‍"  എന്ന ഒരു  കപ്പലില്‍ ജോലി ചെയ്യുന്നു ,ഇന്നും  ഗ്ലാമര്‍ കൊണ്ട് മറ്റു പല കാമുകന്മാരുടെയും കണ്ണിലെ കരടായ എന്‍റെ മൈക്കിളിനോടും റീത്തയോടും ക്ഷമ ചോദിച്ചു കൊണ്ട് തന്നെ ഞാന്‍ ഈ കഥാനുഭവം ഇവിടെ  പൂര്‍ത്തിയാക്കുന്നു.

ഞായറാഴ്‌ച, സെപ്റ്റംബർ 4

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ .


മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്...


പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം എടുത്തു.. ഞങ്ങളങ്ങനെ ഭീകരമായ പ്രാക്ടീസ്‌ തുടങ്ങി.. ഒട്ടും മോശമലാതെ തന്നെ അവന്‍ കാണിച്ച കോപ്രാട്ടികള്‍ ഞാനും അനുകരിച്ചു.. എന്‍റെ സ്വഗൃഹത്തില്‍ വെച്ചായിരുന്നു ഒടുക്കത്തെ (അവസാനത്തെ ) പ്രാക്ടീസ്.. അന്ന് പക്ഷെ...ഞങ്ങള്‍ ആ നടുക്കുന്ന സത്യം മനസ്സിലാക്കി...


" ഡാന്‍സിനു ഞങ്ങള്‍ മാത്രമേ ഉള്ളു.. പിന്നെ.. ആ നീണ്ട ഒരു നാളത്തെ  പ്രാക്ടീസിനു ശേഷം, ആകെ അഞ്ചു നൃത്ത ചുവടുകള്‍ (എന്ന് ഞങ്ങള്‍ മാത്രം വിളിക്കുന്നത്‌) മാത്രമേ ഞങ്ങള്‍ പഠിച്ചിട്ടുള്ളൂ.. എന്തൊരു കഷ്ടം ഹേ!!"


ഗ്രൂപ്പ്‌ ഡാന്സിനാണ് പേര് കൊടുത്തിരിക്കുന്നത്‌.. ഞാനും എന്‍റെ സുഹൃത്തും ഒഴികെ കൂടെ കളിക്കാമെന്ന് പറഞ്ഞ പലരും കാലു മാറി കഴിഞ്ഞു. മഹാന്മാര്‍ വരെ അടിയറവ് പറയുന്ന നിമിഷങ്ങള്‍ !! ഞാന്‍ എന്‍റെ പതിവ് അടവ് എടുത്തു.. എന്താണെന്നല്ലേ?
മിക്കവര്‍ക്കും അറിയാം.. പ്രത്യേകിച്ച് എന്‍റെ ആത്മസുഹൃത്ത് നിരണ് അറിയാം.. അതന്നെ.. ഞാന്‍ ക്ലാസ്സിനടുത്തു നിന്ന് കരയാന്‍ തുടങ്ങി.


അപ്പോഴാണ്‌ ആ രക്ഷകരായ സീനിയര്‍ ചേട്ടന്മാര്‍ അവതരിച്ചത്. അവരിലൊരാള്‍ എന്‍റെ വീടിനടുത്തുള്ള കിറുക്കന്‍ കളിയിലെ കളിത്തോഴന്‍  "പീലു" എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജിലാല്‍ . പിന്നെ നമ്മുടെ ചുള്ളന്‍ സോള്‍ബിന്‍ ബഞ്ചറും (പഞ്ചര്‍).. അവര്‍ എല്ലാം ഏറ്റെടുത്തു.. പണ്ടേ പുലി ടീംസായ ഇവന്മാരാവട്ടെ പൊങ്ങച്ചം കാട്ടാന്‍ ഒരവസരം കാത്തു നിലല്‍ക്കുവാര്‍ന്നു. സംഗതി ക്ളീന്‍ .
അങ്ങനെ ഞാന്‍ കാത്തിരിക്കാത്ത ആ ദിവസം വന്നെത്തി. എന്‍റെ അരങ്ങേറ്റ ദിവസം.. ഞാന്‍ അവന്മാരെ..ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍സിനെച്ചെന്നു സ്നേഹപൂര്‍വ്വം വിളിച്ചു..സകല പ്രതീക്ഷയും തകിടം മറിച്ച് അവര്‍ പറഞ്ഞു


" അയ്യോ..ഉണ്ണ്യോളെ.. ഞങ്ങളത് മറന്നുപ്പോയി.. ഇനി ഇപ്പൊ എന്താ ചെയ്യാ!! "


ഞാന്‍ എന്‍റെ അടവ് വീണ്ടും എടുക്കുമെന്നായപ്പോള്‍ അവന്മാര് വേഗം  നാലഞ്ചു കൂട്ടുകാരെ ഒക്കെ കൂട്ടി നമ്മുടെ സൗരവ്‌ ഗാംഗുലി വേള്‍ഡ് കപ്പില്‍ നിന്ന പോലെ ഒരു കൂട്ടം കൂടി നിക്കല്... പിന്നെ ചീത്ത വിളി.. ഉന്തും തള്ളല്‍..ആകെ ഒരു ജഹപൊഹ. അതെ സമയം അകലെ മൈക്കില്‍ കൂടെ വിളിച്ചു  പറയുന്നു...


 " ചെസ്റ്റ് നമ്പര്‍ 525 ഓണ്‍ ദി സ്റ്റേജ്.. ചെസ്റ്റ് നമ്പര്‍ 529 ഗെറ്റ് റെഡി..."


 "അതിനിപ്പോ എന്താണെന്നു  അല്ലെ?" നിങ്ങള്‍ക്ക് മനസ്സിലായില്ലേ?


 അഖി ആന്‍ഡ്‌ പാര്‍ട്ടീ ആണ് ഇ ചെസ്റ്റ്  നമ്പര്‍ 529..


ഞാന്‍ ആകെ ഒരു പരിവമായി..ജീവിതത്തില്‍ ആദ്യമായി നാണം കെടാന്‍
പോകുന്നു..കുട്ടികളെല്ലാം കൂവി ഓടിപ്പിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.. ലീഡറായ ഞാന്‍ പറഞ്ഞാല്‍ ക്ലാസ്സില്‍ കുട്ടികള്‍ അനുസരിക്കാതിരിക്കുന്നു.. എന്നെ ടീച്ചര്‍മാര്‍ കളിയാക്കുന്നു.. ഓര്‍ക്കാനേ വയ്യ!!"


        ഞാന്‍ നോക്കുമ്പോള്‍ ഒറ്റ ആളെയും അടുത്ത് കാണാനില്ല.. പീലുവും കൂട്ടരും എങ്ങോട്ടെന്നില്ലാതെ  ഓടുന്നു...പായുന്നു...മറയുന്നു...എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങി..വലിയ വലിയ ഗോലിക്കായ പോലുള്ള കണ്ണുനീര്‍ തുളികള്‍ എന്‍റെ കണ്ണില്‍ ഉരുണ്ടു കൂടി തട്ടിതടഞ്ഞു താഴേക്കു നിലംപതിച്ചു. കുറച്ചു നേരത്തെ  തളര്‍ന്നിരിപ്പിനു ശേഷം രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞു. (അത് ഒരു വല്ലാത്ത തിരിച്ചറിയല്‍ ആയിരുന്നു.. ഹിഗ്വിറ്റ എന്ന കഥയില്‍ എന്‍.എസ്.മാധവന്‍ പറയുന്ന പോലെ എല്ലാവരാലും ഒറ്റ് കൊടുക്കപ്പെട്ട വഞ്ചിക്കപ്പെട്ട ഒരു ഗോളിയുടെ തിരിച്ചറിയല്‍ പോലെ) ഒരു നിമിഷത്തെ ബോധോതയതാല്‍ ഞാനും ഓടാന്‍ തയ്യാറെടുത്തു."


         അപ്പൊ ദാ വരുന്നു. പീലുവും കൂട്ടരും.. കോട്ടും കുറെ കൂളിംഗ്‌ ഗ്ലാസ്സും തൊപ്പിയുമൊക്കെ ആയി. എനിക്കും കിട്ടി ഒരെണ്ണം. തോറ്റു  തോപ്പിവെച്ചവനെപ്പോലെ ഞാനും ഒരു തൊപ്പിയും കൂളിംഗ്‌ ഗ്ലാസ്സും എടുത്തു വെച്ചു.ബാഹ്യ ഉദ്ദേശ്യം സ്റ്റൈല്‍ ആണെങ്ങിലും ആന്തരിക ഉദ്ദേശ്യം ആരും ആരെയും തന്നെ തിരിച്ചറിയരുതെന്നതായിരുന്നു..


അതെ..ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞു..ഒരു യുദ്ധത്തിന് ...വെറും യുദ്ധതിനല്ല ഒരു ചാവേറു യുദ്ധത്തിനു!!.


          എന്‍റെയും പീലുവിന്റെയും നേതൃത്വത്തില്‍ ഞങ്ങള്‍ സ്റ്റേജിനടുതെത്തി. പിള്ളേരെല്ലാം സ്റ്റേജില്‍ കേറി..അതാ വിളിച്ചു പറയുന്നു.


"ചെസ്സ്‌ നമ്പര്‍ 529 ഓണ്‍ സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 530 ഗെറ്റ് റെഡി.."


         അപ്പൊ വന്ന ഒരു വെപ്രാള ധൈര്യത്തില്‍ ഞാന്‍ മൈക്ക് ചോദിച്ചു വാങ്ങി.. സകല പ്രസംഗകലയുടെയും ചക്രവര്‍ത്തിമാരെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അങ്ങ് കാച്ചി...


         " സുഹൃത്തുകളെ.. ഞങ്ങള്‍ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത് നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു അപൂര്‍വ്വയിനം  നൃത്ത്യകലാരൂപമാണ്.. ആയതിനാല്‍ തന്നെ ഞങ്ങളുടെ കയ്യില്‍ നിന്നും ഉണ്ടായെക്കാവുന്ന ചെറിയ ചെറിയ തെറ്റുകുറ്റങ്ങള്‍ നിങ്ങള്‍ സാദരം ക്ഷമിക്കുക.. ഞങ്ങളിതാ, അഭിമാനപൂര്‍വം നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു..............'ഫ്യുഷന്‍ ഡാന്‍സ്'..........."


         എന്നും പറഞ്ഞു രണ്ടും കല്‍പ്പിച്ചു അങ്ങ് കേറി...സോങ്ങ് അന്നത്തെ ഫേമസ് ഫിലിം ആയ "കഹോ നാ പ്യാര്‍ ഹേ"യിലെ "ദില്‍ മേരാ.." എന്ന സോങ്ങ്.. ഞാന്‍ നോക്കുമ്പോള്‍ പലരും പല സ്റ്റെപ്സില്‍ കളിക്കുന്നു...അതല്ല രസം.. അതിലു സെന്‍റര്‍ ഓഫ് അട്ട്രാക്ഷന്‍ ഞങ്ങള്‍ ആരുമല്ല...നമ്മുടെ പഞ്ചര്‍...അങ്ങേരു ഒടുക്കത്തെ കളി..ഏതാണ്ട് പുളിയുറുമ്പ് ദേഹത്ത് കേറിയ പോലെ... അങ്ങനെ ഒരു വിധം ആ ഡാന്‍സും തീര്‍ത്തു ഓടി..ക്ലാസിലേക്ക്..
നോക്കുമ്പോഴാണ് ദാ വരുന്നു സീനിയെര്‍സും  പുറകിലൂടെ..
ആരും ഓടിപ്പിച്ചതല്ല, ആരും തിരിച്ചറിയാതിരിക്കാന്‍ വേഗം ഓടി പോന്നതാ "കൊലാക്കാരന്മാര്".. അത്രയ്ക്ക്  രോമാഞ്ച കുഞ്ചിത കലുക്ഷിതമായിരുന്നു  ഞങ്ങള്‍ടെ രംഗണം!! അത് അങ്ങനെ കഴിഞ്ഞു.
ഇന്നും എന്‍റെ പഴയ പല സുഹൃത്തുകളെ കാണുമ്പോള്‍ അവന്മാര് ചോദിക്കും..


"അഖി...അന്ന് കൂളിംഗ്‌ ഗ്ലാസ്സ് വെച്ച് ഡാന്‍സ് വെച്ചത് നീയല്ലായിരുന്നോ.. കൊള്ളാമായിരുന്നു.."


ഞാന്‍ പറയും...


"ഞാനോ...ഞാന്‍ ജീവിതത്തില്‍ ഡാന്‍സ് കളിച്ചിട്ടില്ല .പിന്നെ അല്ലെ കൂളിംഗ്‌ ഗ്ലാസ്സ് ...ഒന്ന് പോടപ്പാ.."
വാല്‍കഷണം


         അന്ന് ഡാന്‍സ് കളിച്ചത് കൊണ്ട് ഒരു ഗുണം ഉണ്ടായി... ടേപ്പ് റെക്കോര്‍ഡറിന്‍റെ എരിയല്‍ സ്കൂളില്‍ (ഉസ്കൂളില്‍ ) വെച്ച് ആരോ പൊട്ടിച്ചു ( ഈ ആരോ ഞങ്ങടെ ഡാന്‍സ് ആസ്വദിച്ച ഏതോ ഒരു   ആരാധക വൃന്ദം ആണെന്ന് എനിക്ക് ബലമായ ഡൌട്ട് ഉണ്ട് ).. അങ്ങനെ വീട്ടില്‍ "ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് പോയി കേടാക്കിയവനെ....."  എന്ന പേരും വീണു.
----------------------------------------------------------------------------------
         *( ആ സുഹൃത്തിന്‍റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.. കല്ലൂര്‍ എവിടെയോ ആണ് വീട്. ഒരു ബസ്‌ സ്വന്തമായി അവനു ഉണ്ടായിരുന്നു എന്നാണു എന്‍റെ ഓര്‍മ്മ.. പിന്നീട് കുറെ തവണ ഇ കക്ഷിയെ ബസില്‍ വെച്ച് കണ്ടിരുന്നെങ്കിലും അവന്‍ എന്നെ  തിരിച്ചറിയാത്തോണ്ട് എനിക്കും അവനെ അഭിമുഖീകരിക്കാന്‍ പറ്റിയില്ല..ഇനി കാണുമ്പോള്‍ എന്തായാലും സംസാരിക്കണം.. )